ഒട്ടേറെ വ്യത്യസ്ത പഴങ്ങളുടെ രുചി ആസ്വാദകർക്ക് നൽകുന്ന ഒരൊറ്റ പഴത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ. ശരിക്കും പ്രകൃതിയുടെ ഒരു ഫ്രൂട്ട് സലാഡ്. പൈനാപ്പിൾ, പേരക്ക, മാങ്ങ, ചക്ക, പപ്പായ, ആത്തച്ചക്ക, വാഴപ്പഴം എന്നിങ്ങനെയുള്ള വ്യത്യസ്ത പഴങ്ങളുടെ രുചിയാണ് ഈ പഴത്തിനുള്ളത്. അനോന ചെറിമോള എന്നാണ് ഈ അത്ഭുതഫലത്തിന്റെ പേര്. ചെറിമോയ, ചിരിമുയ, മോമോന എന്നും ഇതിനെ വിളിക്കപ്പെടുന്നു. എന്തായാലും ആത്തച്ചക്കയുടെ കുടുംബക്കാരനായ ഫലമാണിത്.
അനോന ജനുസ്സിൽ അനേനേസിയേ കുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രനാമം അനോന ചെറിമോള എന്നാണ്. വളരെ വേഗത്തിൽ വളരുന്ന സ്വഭാവക്കാരനാണ് ചെറിമോള. ഇടത്തരം മരമായി വളരുന്ന ഇതിൽ നിറച്ചും ഇലകളുണ്ടാകും അഞ്ചുമുതൽ 25 സെ.മീ. വരെ വ്യാസമുണ്ടാകും. അറ്റത്തിൽ ചെറിയ പിളർപ്പോടെ പച്ചയും മഞ്ഞ കലർന്ന വട്ടയിലകളാണ് ഇതിനുണ്ടാവുക. മൂന്ന് സെന്റീമീറ്റർ വലിപ്പമുള്ള പിങ്ക് നിറത്തിലുള്ള പൂക്കളുടെയുള്ളിൽ മഞ്ഞയോ കാപ്പിയോ കലർന്ന കേസരങ്ങളുണ്ടാകും. ഒറ്റയേ്ക്കാ മൂന്നെണ്ണം നിറഞ്ഞതോ ആയാണ് പൂക്കളുണ്ടാകുക.
ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ഇക്വഡോർ, പെറു, ബൊളീവിയ, കൊളംബിയ എന്നിവിടങ്ങളിലാണ് ജന്മദേശം. പെറുവിൽ ഐസ്ക്രിം, യോഗർട്ട് എന്നിവയിൽ വ്യാപകമായി ചേർക്കുന്നതിനാൽ ഇതിന് ഐസ്ക്രീംഫ്രൂട്ട് എന്ന് ഒരു അപരനാമമുണ്ട്.
കൃഷി
കേരളത്തിൽ ഹൈറേഞ്ചുകളിലാണ് ഇത് നട്ടുവളർത്തിവരുന്നത്. മൂന്നാറിലെ കാന്തല്ലൂരിൽ ഇതിന്റെ കൃഷിയുണ്ട്. രാജ്യവ്യാപകമായി സ്പെയിൻ, മെക്സിക്കോ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നന്നായി കൃഷിചെയ്തുവരുന്ന ഇതിന്റെ നല്ല വിളവിന് 17-20 ഡിഗ്രി താപനിലയാണ് അനുകൂലം 30 ഡിഗ്രിവരെയുള്ളകാലാവസ്ഥയിലും ചെടി വളരുമെങ്കിലും കായ്പിടുത്തം തീരെയുണ്ടാകില്ല. സമുദ്രനിരപ്പിൽനിന്ന് 700 മുതൽ 2000 മീറ്റർ വരെയുള്ള പ്രദേശങ്ങളിൽ നന്നായി വളരുന്നു സമതലപ്രദേശങ്ങൾ ഇതിന്റെ കൃഷിക്ക് അനുയോജ്യമല്ല.
വിത്തുപാകിയാണ് ചേറിമോള മുളപ്പിച്ചെടുക്കാറ്. വിത്ത് പാകിയാൽ അത് മുളച്ചു പൊന്താൻ ഒരു മാസമെങ്കിലുമെടുക്കും. കേരളത്തിലെ നഴ്സറികളിൽ ഒട്ടുതൈകളും കിട്ടും അങ്ങനെ കിട്ടുന്ന ഒട്ടുതൈകൾ മൂന്നുവർഷം കൊണ്ട് കായ്ക്കും. ഒരു മീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികളിൽ പോട്ടിങ് മിശ്രിതം നിറച്ച് അതിൽ തൈകൾ നടാം. പുതിയ ഇലകൾ വളർന്ന് തൈകൾ പിടിക്കുന്നതുവരെ ഒന്നരാടൻ നന നൽകാം. നന്നായി പടർന്നു വളരുന്നതിനാൽ ഓരോ തൈകൾക്കും ഇടയ്ക്ക് എട്ടുമീറ്റ്ർ അകലം നൽകണം. െചടികൾക്ക് നന്നായി സൂര്യപ്രകാശം ലഭിക്കണം. അടിവശത്തെ കൊമ്പുകൾ കോതി നിർത്തിയാൽ വേഗം ചെടികൾ കായ്ക്കും.
ഓരോ തടത്തിനും രണ്ടുകിലോ വെച്ച് ജൈവവളങ്ങൾ ഓരോ മാസത്തിലും നൽകാം. അല്പം രാസവളങ്ങൾ നൽകുന്നത് ചെടിയുടെ വളർച്ച വേഗത്തിലാക്കുകയും അപര്യാപ്തമായ പോഷകങ്ങൾ ലഭിക്കാൻ കാരണമാകുകയും ചെയ്യുന്നു. ആദ്യമൂന്നുവർഷം മാസത്തിൽ ഒരു തവണയെന്നനിലയിലും പിന്നീട് വർഷത്തിൽ രണ്ടുപ്രാവശ്യവും വളം ചേർക്കാം. വേനൽകാലത്ത് ആഴ്ചയിൽ ഒരിക്കൽ നനയ്ക്കുന്നത് നന്ന്. മഴക്കാലത്തും തണുപ്പുകാലത്തും നനയുടെ ആവശ്യമില്ല. തണുപ്പുള്ള കാലാവസഥയിലാണ് ചെറിമോള നന്നായി കായ്ക്കുക.
ഏപ്രിൽ -മെയ് മാസങ്ങളിലാണ് ചെറിമോളചെടികളിൽ പൂക്കളുണ്ടാവുക. ഒക്ടോബർ-നവംബർ മാസങ്ങളോടെ ഇത് മൂക്കുന്നു. മരത്തിൽ നിന്നുതന്നെ പഴുക്കാത്തതാണ് ഇതിന്റെ ഒരു ന്യൂനത. അതുകൊണ്ട് കർഷകർ പറിച്ചെടുത്ത് പഴുപ്പിക്കുകയാണ് ചെയ്യാറ്. മരത്തിൽ പറിക്കാതെ വെച്ചാൽ കായകൾ ഉണങ്ങിപ്പോകും. കായകൾക്ക് 500ഗ്രാം മുതൽ ഒന്നരക്കിലോവരെ തൂക്കമുണ്ടാകും. ഒരു മരത്തിൽ ഒരു തവണ 30 -50 കായകൾ ഉണ്ടാകും. ഇളം മഞ്ഞ നിറമുള്ള വെള്ള പൾപ്പാണ് നിറച്ചും കായകളിലുണ്ടാകുക. ഇടയ്ക്കിടയക്ക് ചെറിയ കറുത്തവിത്തുകളും കാണാം. ശരിക്കും പ്രകൃതിയുടെ ഫ്രൂട്ട് സലാഡാണ് ചേറിമോള. നമ്മുടെ ഹൈറേഞ്ചിലെ കൃഷിക്കാർക്ക് തോട്ടങ്ങളിൽ വളർത്തി ആദായമുണ്ടാക്കാം.
It's really useful post, Oman Phone Number List thanks for sharing your information See more details....