റെഡ് സ്പൈഡർമൈറ്റ് – ചീരയെ ആക്രമിക്കുന്ന ഒരു മാരക കീടം.
ചീര ഒന്ന് പച്ച പിടിച്ചു വരുമ്പോഴാണ് ഇലകളുടെ കളറൊക്കെ മാറി വിളർത്തു വരുന്നത്. ചുവന്ന ചീരയുടെ ഇലകൾ ചെമ്പു നിറത്തിലും സൂര്യപ്രകാശം അടിക്കുമ്പോൾ സ്വർണ നിറത്തിലും കാണപ്പെടും. ചിലർ ഇത് ശ്രദ്ധിച്ചു എന്നു തന്നെ വരില്ല . ഇത് രോഗമാണെന്ന് അറിയാതെ പലരും ആ ചീര പറിച്ചു കറി വെക്കാറുണ്ട്. ശ്രദ്ധിക്കാതെ വിട്ടാൽ നിങ്ങളുടെ തോട്ടത്തെതന്നെ നശിപ്പിക്കാൻ കഴിവുള്ള രോഗമാണിത്.
ഇലയുടെ അടിയിൽ ഇരുന്നു നീരൂറ്റിക്കുടിക്കുന്ന ചിലന്തിയുടെ ആകൃതിയിലുള്ള ഒരു സൂക്ഷ്മ ജീവിയാണിതിന് കാരണം . പല ചെടികളേയും ഇത് ആക്രമിക്കും എങ്കിലും ചുവന്ന ചീരയാണ് ഇതിനു ഏറെ പ്രിയം. ഒരിക്കൽ തോട്ടത്തിൽ കടന്നുകൂടിയാൽ ഇതിനെ ഉന്മൂലനം ചെയ്യാൻ വളരെ പ്രയാസം ആണ്.
രോഗം ബാധിച്ച ഒരു ഇല അടർത്തി എടുത്തു ഒരു വെള്ള പേപ്പറിന് മുകളിൽ പിടിച്ചു ഇലയിൽ ശക്തിയായി തട്ടിയാൽ കറുത്ത പൊടി പോലെ ചെറിയ തരികൾ പേപ്പറിൽ വീഴുന്നതും ഓടിപ്പോകുന്നതും കാണാം. അതിന്റെ പുറത്തുകൂടി വിരൽ ഓടിച്ചാൽ പേപ്പറിൽ സൂക്ഷ്മങ്ങളായ ചുവന്ന വരകൾ വീഴുന്നത് കാണാം.
ഇതിനെ തുരത്താൻ ഉള്ള ഏക മാർഗ്ഗം വേപ്പെണ്ണ എമൽഷൻ മാത്രമാണ്. 100 ml വേപ്പെണ്ണയും 6 ഗ്രാം മഞ്ഞ (ഖാദി) ബാർ സോപ്പും 4-5 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു ആഴ്ചയിൽ 2 തവണ വെച്ച് പല പ്രാവശ്യം ഇലകളുടെ അടിയിൽ ഒരു സ്‌പ്രെയർ ഉപയോഗിച്ച് തളിച്ച് കൊടുക്കുക. തോട്ടത്തിലുള്ള എല്ലാ ചെടികളിലും തളിക്കണം. ആക്രമണം രൂക്ഷമാണെങ്കിൽ സ്പ്രേയറിന്റെ ജെറ്റ് ഉപയോഗിച്ച് ഇലയുടെ അടിഭാഗം കഴുകിയ ശേഷം വേണം മരുന്ന് പ്രയോഗിക്കാൻ. ആക്രമണം അതി രൂക്ഷമാണെങ്കിൽ ചെടി പറിച്ചു കത്തിച്ചു നശിപ്പിക്കുന്നതായിരിക്കും നല്ലത്.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.