ബിവേറിയ ബസിയാന
സസ്യങ്ങളെ ആക്രമിക്കുന്ന എല്ലാ കൃമികീടങ്ങളെയും പ്രതിരോധിക്കാൻ ഒരേ ഒരു മിത്ര കുമിൾ മതിയെങ്കിൽ അതൊരു വലിയ അനുഗ്രഹമല്ലേ. അങ്ങനെ ഒരു കുമിളിനെ നമുക്ക് ഇന്ന് പരിചയപ്പെടാം. 16, 17 നൂറ്റാണ്ടുകളിൽ ഇറ്റലിയിലും ഫ്രാൻസിലും പട്ടുനൂൽ പുഴുക്കൾ ഒരു വെളുത്ത പൂപ്പൽ ബാധിച്ചു ചത്ത് ഒടുങ്ങിക്കൊണ്ടിരുന്നു. വൈറ്റ് മസ്കർഡൈൻ ഡിസീസ് എന്നാണ് ഈ രോഗം അറിയപ്പെട്ടിരുന്നത്. 1835 ൽ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അഗസ്റ്റിനോ ബാസി ഡി ലോധി (Agostino Bassi de Lodi (the "Father of Insect Pathology") ഈ രോഗം പരത്തുന്നത് ഒരു കുമിൾ ആണെന്ന് കണ്ടെത്തി. ശാസ്ത്രജ്ഞനോടുള്ള ബഹുമാനസൂചകമായി ഇതിനു നൽകിയ പേരാണ് ബിവേറിയ ബാസിയാന.
ലോകമെമ്പാടും മണ്ണിൽ കാണപ്പെടുന്ന ഒരു കുമിൾ ആണിത്. ഈ കുമിളിന്റെ പ്രതേകത, ഇത് വെള്ളീച്ച മുതൽ കൊമ്പൻ ചെല്ലി വരെയുള്ള എല്ലാ കൃമി കീടങ്ങളുടെയും, ലാർവകളുടെയും തൊലിയിൽ കൂടി അതിന്റെ ശരീരത്തിൽ കടന്ന് ആ ജീവിയിൽ വസിക്കുന്ന ബാക്ടീരിയകളെയും നശിപ്പിച്ചു ആന്തരിക അവയവങ്ങൾ എല്ലാം ഭക്ഷിച്ചു വംശ വർധന നടത്തി ദശ ലക്ഷങ്ങളായി പുറത്തു വരും. മൂട്ടയെയും കൊതുകിനെയും ബിവേറിയ വെറുതെ വിടത്തില്ല. ബിവേറിയ മനുഷ്യനേയോ മൃഗങ്ങളെയോ ആക്രമിക്കാറില്ല.
ഇന്ന് പല കർഷകരും ബിവേറിയ ഉപയോഗിക്കുന്നുണ്ട്. ഇത് മിക്ക അഗ്രി ഷോപ്പുകളിലും ലഭ്യമാണ്.
ഇത് പൊടി രൂപത്തിലും ദ്രാവക രൂപത്തിലും ലഭ്യമാണ്. എക്സ്പയറി ഡേറ്റ് നോക്കി വാങ്ങുക. 20 gm. പൊടി ഒരു ലിറ്റർ വെള്ളത്തിന് എന്ന തോതിൽ ക്ളോറിൻ കലരാത്ത ശുദ്ധജലത്തിൽ കലക്കുക. RO വെള്ളമോ തിളപ്പിച്ച് ആറിയ പൈപ്പ് വെള്ളമോ മഴവെള്ളമോ ഒക്കെ ആയാൽ നന്ന്. ഈ വെള്ളത്തിൽ ഒരൽപം ഗ്ലൂക്കോസും സസ്യ എണ്ണയും ചേർക്കാവുന്നതാണ്. വേപ്പെണ്ണ പാടില്ല. സസ്യ എണ്ണ ചേർക്കുമ്പോൾ 10 gm. എണ്ണക്ക് 1/2-1 gm മഞ്ഞ ബാർ സോപ്പും ചേർക്കാവുന്നതാണ്. ഈ വെള്ളം നല്ലവണ്ണം തെളിഞ്ഞു കഴിയുമ്പോൾ അതി രാവിലെയോ വൈകിട്ടോ ചെടികൾ നല്ലവണ്ണം നനയത്തക്കവണ്ണം തളിക്കുക. വെയില് തട്ടിയാൽ ബിവേറിയ നിർവീര്യമാകും. കൃമികീടങ്ങളെ കൊല്ലാൻ ബിവേറിയക്ക് അൽപ്പം സമയം കൊടുക്കണം. ഒരു 3 മുതൽ 5 ദിവസം വരെ. ഇത് അന്തരീക്ഷ ഊഷ്മാവിനെയും ഹ്യുമിഡിറ്റിയെയും ആശ്രയിച്ചിരിക്കും. പുഷ്പങ്ങളിൽ വീഴാതെ നോക്കണം. പരാഗണം നടത്താൻ എത്തുന്ന തേനീച്ചകളും മിത്ര പ്രാണികളും ചത്തൊടുങ്ങും.
അന്തരീക്ഷത്തിൽ കലരുമാറു മിസ്ററ് സ്പ്രേ അടിക്കരുത്. ചുരുങ്ങിയത് ആഴ്ചയിൽ ഒരു തവണ എങ്കിലും ബിവേറിയ അടിക്കണം. മാസ്ക്കും കയ്യുറയും ധരിക്കണം. കലക്കിയ പാത്രത്തിൽ മിച്ചം വരുന്ന `കൊഴുത്ത വെളുത്ത അവശിഷ്ടവും ഏതെങ്കിലും ചെടികളുടെ കടക്കൽ ഒഴിക്കാം. മത്സ്യങ്ങളെ ദോഷകരമായി ബാധിക്കും എന്നുള്ളതുകൊണ്ട് ജലസ്രോതസുമായി ഇത് കലർത്തരുത്.
ബിവേറിയ മണ്ണിലും പ്രയോഗിക്കാവുന്നതാണ്. കായീച്ചയുടെയും മറ്റും ലാർവകളെയും നിമാ വിരകളെയും അത് കൊന്നൊടുക്കും.
ഗുണനിലവാരമില്ലാത്ത ബിവേറിയ പൈപ്പ് വെള്ളത്തിൽ കലക്കി നട്ടുച്ചക്ക് അടിച്ചു പിടിപ്പിച്ചിട്ട് ഈ സാധനം കാശിനു കൊള്ളില്ല എന്ന് പറയരുത്. .
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.