സ്യൂഡോമോണാസ് ഫ്ലൂറെസെൻസ്:
സ്യൂഡോമോണാസ് എന്ന മിത്ര ബാക്ടീരിയ ചെടികളിൽ രോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും ഒരേപോലെ നശിപ്പിക്കുന്നു. മണ്ണിലൂടെ വരുന്ന രോഗാണുക്കളെ മാത്രമല്ല ചെടിയുടെ ഏതു ഭാഗത്തുകൂടിയുണ്ടാകുന്ന രോഗാക്രമണത്തെയും നേരിടാൻ സ്യൂഡോമോണാസിനു കഴിയുന്നു. ഇവ ഉൽപാദിപ്പിക്കുന്ന എൻസൈമുകൾക്ക് രോഗാണുക്കളുടെ കോശഭിത്തി ലയിപ്പിച്ചുകളയാൻ ശേഷിയുണ്ട്. ആന്റിബയോട്ടിക് ഉൽപാദിപ്പിക്കുന്നതിനു പുറമെ, രോഗാണുക്കൾക്ക് ഇരുമ്പിന്റെ ലഭ്യത പൂർണമായും തടയുന്ന സെഡറോഫോർ എന്ന വസ്തുവും ഉൽപാദിപ്പിക്കുന്നു. ഈ മിത്രബാക്ടീരിയ ചെടികളുടെ വളർച്ചാവേഗം കൂട്ടുന്നുമുണ്ട്.
പിത്തിയം, ഫൈറ്റോഫ്തോറ, റൈസോക്ടോണി, സാൻതൊമൊണാസ് തുടങ്ങിയവയുടെ നിയന്ത്രണത്തിനു സ്യൂഡോമോണാസ് ഫലപ്രദം.
ഉപയോഗരീതി:
വിത്തു പരിചരണം.
നെല്ല്: ഒരു കിലോ വിത്തിന് 10 ഗ്രാം സ്യൂഡോമോണാസ് എന്ന തോതിൽ ചേർത്തിളക്കി 10–16 മണിക്കൂർ വച്ചശേഷം സാധാരണ രീതിയിൽ വിതയ്ക്കുക.
ഇഞ്ചിവിത്ത്: സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന നിരക്കിൽ കലക്കിയ ലായനിയിൽ 15 മിനിറ്റ് മുക്കിവച്ചശേഷം നടുക.
വാഴക്കന്ന് (പനാമ വാട്ടം, ബാക്ടീരിയൽ വാട്ടം, ഇലപ്പുള്ളിരോഗം എന്നിവയെ പ്രതിരോധിക്കാനായി):
ചെത്തി വൃത്തിയാക്കിയശേഷം 250 ഗ്രാം സ്യൂഡോമോണാസ് 750 മില്ലിലീറ്റർ വെള്ളത്തിൽ ചേർത്ത ലായനിയിൽ 30 മിനിറ്റ് മുക്കിവച്ചശേഷം നടുക. ജൈവവളത്തിൽ തയാറാക്കിയ സ്യൂഡോമോണാസ് 1.25 കിലോ ഓരോ വാഴയ്ക്കും വിതറി കൊടുക്കാം.
ഇലകളിൽ തളിക്കൽ:
20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിന് എന്ന നിരക്കിൽ കലക്കി, അരിച്ച് സ്പ്രേയർ ഉപയോഗിച്ച് ഇലകളിൽ തളിക്കുക. രണ്ടാഴ്ച കഴിഞ്ഞ്ആവർത്തിക്കുക.
മണ്ണ് കുതിർക്കൽ:
20 ഗ്രാം സ്യൂഡോമോണാസ് ഒരു ലീറ്റർ വെള്ളത്തിന് എന്ന തോതിൽ തയാറാക്കിയ ലായനി ചെടിയുടെ ചുവട്ടിൽ ഒഴിച്ച് മണ്ണ് കുതിർക്കുക. മാസത്തിൽ ഒരു തവണ ആവർത്തിക്കുക.
മണ്ണിൽ ചേർക്കൽ:
20 കിലോ ചാണകത്തിന് ഒരു കിലോ സ്യൂഡോമോണാസ് എന്ന തോതിൽ മണ്ണിൽ ചേർത്തുകൊടുക്കാം.
കുരുമുളകിന്റെ ദ്രുതവാട്ടം, ചീയൽ രോഗങ്ങൾ തടയുന്നതിന് 250 ഗ്രാം സ്യൂഡോമോണാസ് 750 മില്ലിലീറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ വള്ളികൾ 15 മിനിറ്റ് മുക്കിയശേഷം നടണം. അതോടൊപ്പം രണ്ടു ശതമാനം വീര്യത്തിൽ സ്യൂഡോമോണാസ് ലായനി ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ഇലകളിൽ തളിക്കുകയും ചെയ്യാം.
പച്ചക്കറിവിത്തുകൾക്ക് തവാരണകളിൽ രണ്ടു ശതമാനം ലായനി ഒഴിച്ചുകൊടുക്കാം. പറിച്ചുനട്ട് മൂന്നുനാല് ആഴ്ചയ്ക്കുശേഷം രണ്ടു ശതമാനം വീര്യത്തിൽ തളിക്കുകയും മണ്ണിൽ കുതിർക്കുകയും ചെയ്യാം. ഇത് വാട്ടം, ചീയൽ, ബാക്ടീരിയൽ രോഗം എന്നിവയ്ക്കെല്ലാം ഫലപ്രദമാണ്.
പിജിപിആർ മിക്സ് – II:
രോഗനിയന്ത്രണത്തിനായി ഉപയോഗിക്കുന്ന ജീവാണുക്കളെ ഒരു മാധ്യമത്തിലാക്കി വിളകൾക്കു നൽകി വരുന്നുണ്ട്. ഇതിനെ ‘കൺസോർഷ്യം’ എന്നാണ് പറയുന്നത്. ഇത്തരത്തിൽ കേരള കാർഷിക സർവകലാശാലയിൽനിന്ന് ചെടികളുടെ രോഗനിയന്ത്രണത്തിനും വേഗത്തിലുള്ള വളർച്ചയ്ക്കും നൽകുന്ന പരിരക്ഷമിശ്രിതമാണ് പിജിപിആർ മിക്സ് II.
രണ്ടു ശതമാനം വീര്യത്തിൽ ലായനി രൂപത്തിലാണ് ചെടികൾക്കു നൽകിവരുന്നത്. ബാസിലസ്, സ്യൂഡോമോണാസ് ട്രൈക്കോഡെർമ എന്നിവ ഇതിലടങ്ങിയിട്ടുണ്ട്.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.