top of page

കാസര്‍കോട് കുള്ളന്‍

കാസര്‍കോട് കുള്ളന്‍
കാസര്‍കോട് കുള്ളന്‍

കാസര്‍കോട് കുള്ളന്‍

ഉയര്‍ന്ന രോഗപ്രതിരോധശക്തിക്കൊപ്പം ചൂടിനെ ചെറുക്കാനുള്ള ശേഷിയും കാസര്‍കോട് കുള്ളന് ഏറെയാണ്. വീട്ടിലെ കാടിവെള്ളവും തവിടും തൊടിയിലെ അല്‍പ്പം പുല്ലും തിന്ന് മൂന്നുലിറ്റര്‍വരെ പാല്‍തരുന്ന സൌമ്യമായ പെരുമാറ്റമുള്ള ഇനമാണ് കാസര്‍കോട് കുള്ളന്‍. ആട്ടിന്‍പാലിനോളം ഔഷധഗുണമാണ് ഇതിന്റെ പാലിന്. ശുദ്ധീകരിച്ച ഗോമൂത്രവും വലിയ മരുന്നാണ്. ഇതിന്റെ പാല്, തൈര്, നെയ്യ്, ചാണകം, ഗോമൂത്രം എന്നിവകൊണ്ടാണ് പഞ്ചഗവ്യം തയ്യാറാക്കുന്നത്. ജൈവകൃഷിയില്‍ ഒഴിച്ചുകൂടാനാകാത്ത കീടനാശിനിയാണ് ഇത്. വടക്കേ മലബാറില്‍ ക്ഷേത്രാചാരങ്ങളിലും പഞ്ചഗവ്യം ഏറെ പ്രധാനം. ജൈവകൃഷി സജീവമായതോടെ പഞ്ചഗവ്യത്തിനും ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. കിട്ടാനില്ലെന്നാണ് ഈ രംഗത്തെ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പറയുന്നത്.

കാസര്‍കോട് കുള്ളന്‍

കാസര്‍കോട്, ദക്ഷിണ കന്നട ജില്ലകളുടെ അതിര്‍ത്തിക്കുന്നുമ്പുറങ്ങളില്‍ കുറുന്തോട്ടിയും നാട്ടുപുല്ലും തിന്ന് വളര്‍ന്ന തീരെ വലുപ്പംകുറഞ്ഞ, മെലിഞ്ഞ കൈകാലുകളുള്ള, അധികവും കറുപ്പുനിറത്തിലുള്ള തനത് ഇനമാണ് കാസര്‍കോട് കുള്ളന്‍ പശു. നിരന്തരമായ സങ്കലനത്തിലൂടെ ഇതിന്റെ തനത് ഇനം ഇപ്പോള്‍ കാണാനേ ഇല്ലാതായി. ഏഴ് വര്‍ണങ്ങളിലുള്ള  കാസര്‍കോട് കുള്ളന്‍ പശുക്കള്‍ ഇവിടെ മേഞ്ഞതാണ്. കാര്യത്തിന്റെ ഗൌരവം തിരിച്ചറിഞ്ഞ് സംരക്ഷണഫാമുകള്‍ സജീവമായതോടെ രണ്ടായിരത്തോളം കാസര്‍കോട് കുള്ളന്‍ പശുക്കള്‍ ബാക്കിയായിട്ടുണ്ട്. വടകര ഡ്വാര്‍ഫ്, വെച്ചൂര്‍, ചെറുവള്ളി, വില്വാദ്രി, പെരിയാര്‍ തുടങ്ങിയവയാണ് കാസര്‍കോട് കുള്ളനെപ്പോലെ കൈമോശം വന്നുതുടങ്ങിയ തനത് കേരള കാലി ഇനങ്ങള്‍. ഇവയുടെ സംരക്ഷണം ലക്ഷ്യമിട്ട് നിരവധി സംഘടനകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. കാസര്‍കോട് ഡ്വാര്‍ഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി, വില്വാദ്രി സംരക്ഷണ സൊസൈറ്റി, വടകര ഡ്വാര്‍ഫ് കണ്‍സര്‍വേഷന്‍ ട്രസ്റ്റ് എന്നിവ ഇത്തരത്തിലുള്ളവയാണ്. ഇവയെ ഏകോപിപ്പിക്കുന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡീജിനിയസ് കാറ്റില്‍ ബ്രീഡര്‍ അസോസിയേഷന്‍ എന്ന സംഘടനയും ഇപ്പോള്‍ നിലവില്‍ വന്നിട്ടുണ്ട്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല  . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

bottom of page