ഡയറി ഫാം തുടങ്ങാന്‍ ഉദ്ദേശ്യമുണ്ടോ?
നല്ല പശുക്കളെ കണ്ടെത്തുന്നതാണ് ഏറ്റവും വലിയ ഒരു കടമ്പ. ഒരു കാര്യം നന്നായി മനസ്സില്‍ വയ്ക്കുക, മതിയായ കാരണങ്ങളില്ലാതെ നല്ലൊരു കറവപ്പശുവിനെ ഒരു കര്‍ഷകനും വിറ്റ് ഒഴിവാക്കില്ല. പണത്തിനുള്ള ആവശ്യമോ സംരക്ഷിക്കാനുള്ള ബുദ്ധിമുട്ട് മൂലമോ, വില്‍ക്കുന്ന കറവപ്പശുക്കളെ നന്നായി നോക്കി വാങ്ങാവുന്നതാണ്. വിശ്വസ്തരായവര്‍ വഴി കേരളത്തിന് പുറത്തുനിന്നും പശുക്കളെ വാങ്ങാം. എവിടെനിന്ന് വാങ്ങിയാലും നിലവില്‍ നല്‍കിവരുന്ന തീറ്റ എന്താണെന്ന് അന്വേഷിക്കണം. എത്ര പാല്‍ കിട്ടുമെന്ന് മാത്രം ചോദിച്ചാല്‍ പോര. കുറച്ചുനാളത്തേക്ക് ആ തീറ്റ തന്നെ കൊടുത്ത്, പതിയെ നമ്മുടെ സാഹചര്യങ്ങളിലേക്ക് ഇണക്കി കൊണ്ടുവരുവാനും ശ്രദ്ധിക്കണം. നമ്മുടെ ഫാമില്‍ നല്ല സംരക്ഷണം കൊടുത്തു വളര്‍ത്തിയെടുക്കുന്ന പശുക്കുട്ടി തന്നെയാണ് നാളത്തെ മികച്ച കറവ പശു.
പാലിന് വിപണി കണ്ടെത്താന്‍ എളുപ്പം തന്നെയാണ്. പാല്‍ കറന്നെടുത്ത ഉടനെ മികച്ച രീതിയില്‍ പാക്ക് ചെയ്ത് അല്ലെങ്കില്‍ കുപ്പികളിലാക്കി ഫാം ഫ്രഷ് മില്‍ക്ക് എന്ന പേരില്‍ വില്‍ക്കാം. നഗരപ്രദേശങ്ങളില്‍ ഇതിന് വലിയ ഡിമാന്‍റ് തന്നെയുണ്ട്. തൈര്, നെയ്യ്, പനീര്‍, സിപ്-അപ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ ആക്കുമ്പോള്‍ അധിക വില ലഭിക്കുകയും ചെയ്യും.കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ഷീരസഹകരണ സംഘങ്ങള്‍ മുഖേന പാല്‍ വിപണനം ചെയ്യുന്നതിനും നല്ല സാധ്യതയുണ്ട്. കാലിത്തീറ്റ, ചോളപ്പൊടി, ധാതുലവണ മിശ്രിതം ഉള്‍പ്പെടെയുള്ള തീറ്റസ്തുക്കള്‍ വാങ്ങുന്നതിനും, പാല്‍ വിപണനം നടത്തി കൃത്യമായ പാല്‍വില ബാങ്ക് അക്കൗണ്ട് മുഖേന ലഭ്യമാക്കുന്നതിനും കഴിയുന്നു. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സംഘങ്ങള്‍ കൂടുതല്‍ നല്ലൊരു സാധ്യതയാണ്. പഞ്ചായത്തുകളുടെ, പാലിന് ഇന്‍സെന്‍റീവ് ധനസഹായം ലഭിക്കുന്നതിന് ക്ഷീരസംഘത്തില്‍ നല്‍കുന്ന പാലിന്‍റെ അളവാണ് പരിഗണിക്കുക. ക്ഷീരകര്‍ഷകക്ഷേമനിധി ആനുകൂല്യങ്ങളും ലഭിക്കും.ഫാം ടൂറിസം ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ സാധ്യതയാണ്. കുറച്ചു സ്ഥലം കയ്യിലുണ്ടെങ്കില്‍ നഗരത്തിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സ്വസ്ഥമായി കുറച്ചുദിവസം ചെലവിടാന്‍ ആഗ്രഹിക്കുന്നവരെ ആകര്‍ഷിക്കുവാന്‍ ആകും. വിദേശികളേക്കാള്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. പക്ഷിമൃഗാദികളും, ഫലവൃക്ഷങ്ങളും, അരുവിയും, കുളവും, കിളികളുടെ കൊഞ്ചലുകളും, തണുത്ത കാറ്റും, നാടന്‍ ഭക്ഷണവും, ഏറുമാടവും, വയലേലകളും… ഇതെല്ലാം ആസ്വദിച്ചു ഒരു ഏദന്‍തോട്ടത്തില്‍ താമസിച്ചു മടങ്ങാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ഒരു ഫാം തുടങ്ങുന്നത് ഇങ്ങിനെയൊക്കെ രൂപം മാറാനും മതി. വരുമാന സാധ്യത ഏറെയാണ്.
ചെറുപ്പക്കാരും പ്രവാസികളും ഡെയറിഫാം മേഖലയിലേക്ക് ധാരാളമായി കടന്നുവരുന്നുണ്ട്. നാട്ടില്‍/വീട്ടില്‍ തന്നെ സംരംഭം തുടങ്ങാം. പാലിന് വില ഇടിഞ്ഞുപോകില്ല എന്ന വിശ്വാസം, സ്ഥിരവരുമാനം (ഒരു ലക്ഷം രൂപയില്‍ അധികം മാസം പാല്‍വില കിട്ടുന്ന കര്‍ഷകര്‍ ഇവിടെയുണ്ട്), സംരംഭം തുടങ്ങുന്ന ദിവസം മുതല്‍ വരുമാനം, താരതമ്യേന വൈദഗ്ധ്യം കുറഞ്ഞ മേഖല എന്നിവയെല്ലാം ആകര്‍ഷിക്കുന്നവയാണ്.
നാട്ടില്‍ നന്നായി നടക്കുന്ന ഡെയറി ഫാമുകള്‍ സന്ദര്‍ശിക്കുക, അവര്‍ തീറ്റ വാങ്ങുന്ന വിപണിയും വിലയും മനസ്സിലാക്കുക എന്നതെല്ലാം പ്രാരംഭ ഒരുക്കമാണ്. വിജയിച്ച ഫാമുകള്‍ കണ്ടു കണ്ണു തള്ളാതെ, പരാജയപ്പെട്ടു പൂട്ടിപ്പോയ ഫാമുകള്‍ കൂടി പഠനവിധേയമാക്കുക. ഒപ്പംതന്നെ, ഡെയറിഫാം ലൈസന്‍സിംഗ് നടപടി ക്രമങ്ങള്‍ മനസ്സിലാക്കുക, മൃഗചികിത്സ സൗകര്യം ഉറപ്പാക്കുക എന്നിവയും ചെയ്യുക. പശു വളര്‍ത്തലിലും, താല്‍പര്യമുള്ള അനുബന്ധ മേഖലകളിലും നല്ല പരിശീലനങ്ങളിലും പങ്കെടുക്കേണ്ടതാണ്. മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പുകള്‍ പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. ഈ വകുപ്പുകളുടെ വെബ്സൈറ്റ് വഴി പദ്ധതികളും പരിശീലനങ്ങളും എല്ലാം അറിയാം.ഓരോ ഗ്രാമപഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റികളിലും ഒരു മൃഗാശുപത്രിയും, ഓരോ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഓരോ ക്ഷീരവികസന ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ പദ്ധതികള്‍ ലഭ്യമാക്കുന്നതിന് ഈ ഓഫീസുകളുമായി ബന്ധപ്പെടാം. ഡെയറി ഫാം എവിടെയാണ് ഉള്ളത്, ആ സ്ഥലത്തുള്ള ഓഫീസിനു മാത്രമേ പദ്ധതികള്‍ നല്‍കി സഹായിക്കാന്‍ സാധിക്കുകയുള്ളൂ… ബാങ്ക് ലോണ്‍ ആവശ്യമെങ്കില്‍ നബാര്‍ഡിന്‍റെ പദ്ധതികള്‍ (DEDS) ലഭ്യമാകുന്നതിനുള്ള സാധ്യതകളും കൂടി ബാങ്കില്‍ അന്വേഷിക്കാം.സോഷ്യല്‍മീഡിയ വഴിയും, കൃഷിയിലും പശുവളര്‍ത്തലിലും ഉള്ള നൂതന സാങ്കേതിക വിദ്യകള്‍ നന്നായി തന്നെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. കിസാന്‍ കാള്‍ സെന്‍റര്‍ മുതല്‍ വിവിധ ഏജന്‍സികളുടെ വെബ്സൈറ്റ്, ആപ്ലിക്കേഷന്‍സ്, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ ഐ.സി.ടി. ടൂള്‍സ് പരമാവധി പ്രയോജനപ്പെടുത്തുക. ഒരു ചെറിയ അറിവ് ചിലപ്പോള്‍ വലിയ ചിലവ് ലാഭിച്ചേക്കാം. കര്‍ഷകരുടെ വാട്സ്ആപ്, ഫേസ്ബുക്ക് കൂട്ടായ്മകളിലും ഭാഗമാകാം. ചിലവ് കുറച്ചു തീറ്റയും മറ്റ് ആവശ്യ വസ്തുക്കളും ഒന്നിച്ച് ഓര്‍ഡര്‍ ചെയ്ത് എടുക്കാനൊക്കെ ഇതു സഹായകമാണ്.
വളരെ പ്രധാനപ്പെട്ട ഒരു കാര്യം തീറ്റയാണ്. കാലിത്തീറ്റ, പുല്ല്, വൈക്കോല്‍ എന്നിവ മാത്രം ഉപയോഗപ്പെടുത്തി ഫാം നടത്തുന്നതിനേക്കാള്‍ മെച്ചമാണ് ലഭ്യമായ എല്ലാ തീറ്റവസ്തുക്കളും പശുവിന് നല്‍കുന്നത്. ആവശ്യമായ പോഷകങ്ങള്‍ പശുവിന് ലഭ്യമാക്കുന്ന രീതിയില്‍ വിപണിയില്‍ ലഭ്യമായ ചിലവ് കുറഞ്ഞ തീറ്റവസ്തുക്കള്‍ ശേഖരിച്ചു, തീറ്റ മിശ്രിതം സ്വയം തയ്യാറാക്കാം. ടി.എം.ആര്‍. തീറ്റയും മറ്റും ഇതൊക്കെതന്നെ.
ഒരുപാട് പേര്‍ ചോദിക്കാറുള്ള ചോദ്യമുണ്ട്… ഇപ്പോള്‍ പ്രവാസ ജീവിതമാണ്, നാട്ടിലെത്തി ഒരു ഡെയറി ഫാം തുടങ്ങാന്‍ ആലോചനയുണ്ട്…. എന്താണ് ചെയ്യേണ്ടത്?
അറിയുവാനും ചെയ്യുവാനും ഒരുപാട് കാര്യങ്ങളുണ്ട്… പറയുവാനും ഏറെയുണ്ട്… എങ്കിലും വളരെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങള്‍ ചേര്‍ക്കുന്നു.
ഒരു സംരംഭം തുടങ്ങാന്‍ ആലോചിക്കുമ്പോള്‍, അതിന്‍റെയൊപ്പം നില്‍ക്കാം എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം തുടങ്ങേണ്ട ഒന്നാണ് ഡെയറി ഫാം. നാട്ടിലൊരു ഡെയറി ഫാം തുടങ്ങിവച്ചു, വിദേശത്തിരുന്നു, നടത്താമെന്ന് സ്വപ്നം കാണരുത്… സാറ്റലൈറ്റ് ക്യാമറ ഫാമില്‍ വച്ചാല്‍ പോലും രക്ഷയില്ല! ഉടമസ്ഥന്‍ കൂടെയുണ്ടെങ്കില്‍ മാത്രമേ അധഇകവും ഡെയറി ഫാം വിജയിക്കൂ! വിശ്വസ്തരായ നോട്ടക്കാര്‍ ഉണ്ടെങ്കില്‍ പോലും, പണം മുടക്കിയ ആള്‍ ഇല്ലെങ്കില്‍ പണികിട്ടും!സ്ഥലലഭ്യത, ജലലഭ്യത, പണലഭ്യത, ഫാം തുടങ്ങുന്നതിനുള്ള സാധ്യതകള്‍, നിര്‍മ്മാണ ചിലവുകള്‍, ഡെയറി ഫാം അനുബന്ധിച്ച് നടത്താവുന്ന സംരംഭങ്ങള്‍, തീറ്റയുടെ ലഭ്യത, സമ്മിശ്ര കൃഷിയുടെ സാധ്യത, പാലിന്‍റെ വിപണനം, പാലുല്‍പന്ന നിര്‍മ്മാണം, കൃഷിയിടത്തിലെ ഓരോ ഉല്പന്നവും പ്രയോജനപ്പെടുത്താനുള്ള സാധ്യത, മൂല്യവര്‍ദ്ധനവ് തുടങ്ങിയ അനേകം കാര്യങ്ങള്‍ നന്നായി പഠിക്കേണ്ടതുണ്ട്.കൃഷിയിടം രൂപകല്‍പന ചെയ്യുന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. കയ്യിലുള്ള സ്ഥലം മുഴുവനും പ്രയോജനപ്പെടുത്തണം. വീട്, കാലിത്തൊഴുത്ത്, തീറ്റപുല്‍കൃഷി, ബയോഗ്യാസ് പ്ലാന്‍റ്, കമ്പോസ്റ്റ് നിര്‍മ്മാണം, വളക്കുഴി, ചാണകം ഉണക്കി വിപണനം, ജലസംരക്ഷണം, കോഴി, ആട്, പന്നി, മുയല്‍, താറാവ്, അലങ്കാര പക്ഷികളും ഓമന മൃഗങ്ങളും, ജലസേചന കുളം, മഴക്കുഴികള്‍, മഴവെള്ള സംഭരണികള്‍, മത്സ്യകൃഷി, നെല്‍കൃഷി, ഹ്രസ്വകാല വിളകള്‍, പച്ചക്കറികൃഷി, വാണിജ്യ വിളകള്‍, പാല്‍ സംസ്കരണം, മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം തുടങ്ങി അനേകം സാധ്യതകള്‍ ഒരു പുരയിടത്തില്‍ സംരംഭകര്‍ക്കുണ്ട്.
മറ്റ് ഏതു തൊഴിലിടങ്ങളേയും പോലെ അന്യസംസ്ഥാന തൊഴിലാളികള്‍ ധാരാളമായി ഡെയറി ഫാം രംഗത്തു ജോലി ചെയ്തുവരുന്നു. മികച്ച യന്ത്രവല്‍ക്കരണം നടത്തിയ ഫാമുകളില്‍ മാനിഷികാധ്വാനം കുറവ് തന്നെ.365 ദിവസവും ശ്രദ്ധയും അധ്വാനവും വേണം എന്നത് എന്നും ലഭിക്കുന്ന സാമ്പത്തിക നേട്ടത്തിന്‍റെ മറുവശമാണ്. തുടങ്ങിക്കഴിഞ്ഞാല്‍ ഒരുദിവസം പോലും ഡെയറി ഫാം നിര്‍ത്തിവെച്ചു വിശ്രമിക്കാമെന്നു ചിന്തിക്കേണ്ട. കറവപ്പശുക്കളുടെ ശാസ്ത്രീയ പരിചരണത്തില്‍ പ്രത്യേക ശ്രദ്ധ ഇല്ലെങ്കില്‍ ഡെയറി ഫാം ലാഭകരമാക്കാനും കഴിയില്ല. തീറ്റയിലും പരിചരണത്തിലും എപ്പോഴും ശ്രദ്ധ ഇല്ലെങ്കില്‍ ഫാം പൊളിഞ്ഞുപോകും.ഡെയറി ഫാമിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം, നോട്ടറി മില്‍ക്കിംഗ് പാര്‍ലര്‍, 30-35 ലിറ്ററിന് മുകളില്‍ പാല്‍ ചുരത്തുന്ന പശുക്കള്‍, ആട്ടോമാറ്റഡ് ആയ ഹൈടെക് ഡെയറി ഫാം തുടങ്ങി സുന്ദരഭാവനകള്‍ നല്ലതുതന്നെ. എന്നാല്‍ ഇതെല്ലാം ആദ്യമേ തുടങ്ങിവെച്ചു ദാസനും വിജയനും ആയി മാറാതിരുന്നാല്‍ ഭാഗ്യം. ഫാമിലെ ഓരോ ചുവടുവെയ്പും കൃത്യമായ സാമ്പത്തിക വിശകലനം നടത്തി മാത്രം, ഒന്നുമറിയാതെ വലിയ തുക മുടക്കി ഫാം ഓട്ടോമേഷന്‍ ചെയ്യുന്നവര്‍ മുടക്ക് മുതല്‍ പോലും കിട്ടാതെ വലയുന്നതും മിക്കവാറും കാണുന്ന കാഴ്ചയാണ്.ഡെയറി ഫാമിംഗ് രംഗത്ത് അഭ്യസ്ത വിദ്യരും ചെറുപ്പക്കാരും കൂടുതലായി എത്തുന്നുണ്ട്. സ്ഥിരവില കിട്ടുന്ന ഏക കാര്‍ഷികോല്‍പ്പനം പശു ആയതുതന്നെ കാരമം. ഫ്രഷ് മില്‍ക്കിന്, നഗരങ്ങളിലുള്ള വിപണി കുതിച്ചുയരുകയാണ്. നാടന്‍ പശുവിന്‍ പാല്‍ എ2 മില്‍ക്ക് എന്ന ലേബലില്‍ ഉയര്‍ന്ന വിലയ്ക്കും വില്‍ക്കാന്‍ കഴിയുന്നു. പാലിന്‍റെ ഉപഭോഗം അനുദിനം വര്‍ദ്ധിച്ചുവരുന്നു. വമ്പന്‍ സ്രാവുകള്‍ വരെ മത്സര രംഗത്തുണ്ട്. ഓണ്‍ലൈനായുള്ള പാല്‍, ഉല്‍പന്ന വില്‍പനയ്ക്കും സാധ്യതയുണ്ട്.അപ്പോള്‍, പ്രിയ പ്രവാസികളെ, മണലാരണ്യത്തിലെ ചൂടിലും, ശൈത്യരാജ്യങ്ങളിലെ തണുപ്പിലും ജോലിചെയ്തു സമ്പാദിച്ച പണമാണെങ്കില്‍ നന്നായി പഠിച്ചിട്ടു മാത്രം ഡെയറി ഫാം രംഗത്ത് ഇറങ്ങു. നമ്മുടെ നാട്ടില്‍ ധാരാളം ഫാം തുടങ്ങുന്നുണ്ട്, മറുവശത്തു പൂട്ടിപ്പോകുന്നുമുണ്ട്. ഒന്നോ രണ്ടോ പശുവില്‍ ആരംഭിച്ചു, നല്ല കരുതലില്‍ തുടങ്ങിയ ഫാമുകള്‍ തന്നെയാണ് അധികവും വിജയിച്ചു നില്‍ക്കുന്നതും. ഫാം തുടങ്ങിത്തരാം എന്നു പറഞ്ഞു അടുത്തുകൂടുന്നവരെ സൂക്ഷിക്കുക. നമ്മുടെ അറിവും ഇടപെടലും മാത്രമാണ് ഡെയറി ഫാം വിജയിപ്പിക്കുക. തുടക്കം ചെറിയ രീതിയില്‍, കൃത്യതയോടെ ആവട്ടെ. ക്രമേണ വിജയത്തില്‍ നമുക്ക് ചെന്നെത്താം. ഡെയറി ഫാം തുടങ്ങുന്ന എല്ലാവര്‍ക്കും ആശംസകള്‍.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.