top of page

നാളെയുടെ കാമധേനുക്കൾ

നാളെയുടെ കാമധേനുക്കൾ
നാളെയുടെ കാമധേനുക്കൾ

പ്രസവാനന്തരപരിചരണത്തില്‍ ശ്രദ്ധിയ്ക്കാന്‍
പ്രസവം കഴിഞ്ഞാല്‍ ഉടന്‍ കിടാക്കളുടെ ആരോഗ്യം ഉറപ്പാക്കുന്നതിലായിരിക്കണം പരമാവധി ശ്രദ്ധ. മുഖത്തും നാസാരന്ധ്രങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന കൊഴുത്ത സ്രവം തുടച്ചു വൃത്തിയാക്കി കിടാവിന്റെ ശ്വസനം സുഖകരമാക്കണം. കിടാവിനെ നക്കി തുടക്കുന്നതിനായി തള്ളപശുവിനെ അനുവദിക്കണം. കിടാവിന്റെ ശരീരത്തില്‍ പറ്റിയിരിക്കുന്ന കൊഴുത്ത ദ്രാവകം നീക്കാനും ശരീരത്തിലെ രക്തയോട്ടം സുഖമമാക്കാനും ഇത് സഹായിക്കും. ആരോഗ്യമുള്ള കിടാവ് ജനിച്ച് വീണ് അരമണിക്കൂറിനുള്ളില്‍ തന്നെ എഴുന്നേല്‍ക്കാനും പിച്ചവെയ്ക്കാനും തുടങ്ങും.
നാഭീ പഴുപ്പ് രോഗവും സന്ധി വീക്കവും കന്നുകുട്ടികളുടെ അകാലമരണത്തിന്റെ കാരണങ്ങളില്‍ പ്രധാനമാണ്. പൊക്കിള്‍ക്കൊടി വഴിയാണ് രോഗകാരിയായ ബാക്ടീരിയകള്‍ കിടാക്കളുടെ ശരീരത്തില്‍ എത്തുന്നത്. രോഗാണുക്കള്‍ ശരീരമാകെ പടര്‍ന്ന് രോഗം മൂര്‍ച്ഛിച്ചാല്‍ പശുക്കിടാക്കള്‍ മരണപ്പെടും. ഇത് തടയുന്നതിനായി പൊക്കിള്‍കൊടി ശരീരത്തില്‍ നിന്നും വേര്‍പെട്ടിട്ടില്ലെങ്കില്‍ ജനിച്ചയുടന്‍ പൊക്കിളിന് ഒരിഞ്ച് താഴെ വൃത്തിയുള്ള ഒരു നൂല് ഉപയോഗിച്ച് കെട്ടിയതിന് ശേഷം ബാക്കി ഭാഗം ചുവടെ അരയിഞ്ച് മാറി ഒരു ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് മാറ്റണം . പൊക്കിള്‍ കൊടിയിലെ മുറിവ് പൂര്‍ണമായും ഉണങ്ങുന്നത് വരെ ദിവസവും മൂന്നോ നാലോ തവണ അയഡിന്‍ ലായനിയില്‍ മുക്കണം.
വയറിളക്കം, ന്യൂമോണിയ, കോക്‌സീഡിയ രോഗാണു കാരണം ഉണ്ടാവുന്ന രക്താതിസാരം തുടങ്ങിയവയാണ് കിടാക്കളില്‍ കാണുന്ന മറ്റ് രോഗങ്ങള്‍. കിടാക്കള്‍ക്ക് നല്‍കുന്ന കുടിവെള്ളവും തീറ്റയും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കിടാക്കൂടുകളില്‍ വൈക്കോല്‍ വിരിച്ച് തറ എപ്പോഴും ഉണക്കമുള്ളതായി സൂക്ഷിക്കണം. കൂട്ടില്‍ മതിയായ വായു സഞ്ചാരം ഉറപ്പാക്കണം. കിടാക്കളെ ഒരുമിച്ചാണ് പാര്‍പ്പിക്കുന്നതെങ്കില്‍ അവയെ തിങ്ങി പാര്‍പ്പിക്കാതിരിക്കണം. തണുപ്പുള്ള കാലാവസ്ഥയില്‍ തൊഴുത്തില്‍ ഇന്‍കാന്റസന്റ് / ഇന്‍ഫ്രാറെഡ് ബള്‍ബുകള്‍ സജ്ജമാക്കി കിടാക്കള്‍ക്ക് മതിയായ ചൂട് ഉറപ്പാക്കണം.
കിടാവിന്റെ ജനനതൂക്കം നിര്‍ണയിച്ച് ഒരു റെക്കോര്‍ഡില്‍ എഴുതി സൂക്ഷിക്കണം. സാധ്യമെങ്കില്‍ ഓരോ രണ്ടാഴ്ച കൂടും തോറും കിടാവിന്റെ തൂക്കം കണക്കാക്കണം. തൂക്കം നിര്‍ണയിക്കാന്‍ സ്പ്രിങ് ഡയല്‍ ബാലന്‍സോ പ്ലാറ്റ്ഫോം ബാലന്‍സോ ഉപയോഗിക്കാം . കിടാവിന്റെ വളര്‍ച്ചയുടെ നിരക്ക് അറിയാനും ഇതിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ മികച്ച കിടാക്കളെ തിരഞ്ഞെടുത്ത് വളര്‍ത്താനും തൂക്കം നിര്‍ണയിക്കുന്നത് സഹായിക്കും. കൂടുതല്‍ കിടാക്കള്‍ ഉണ്ടെങ്കില്‍ അവയെ തിരിച്ചറിയുന്നതിനായി ജനിച്ചയുടനെ ഓരോ കിടാവിന്റെയും ചെവിയില്‍ നമ്പറടിയ്ക്കണം. കിടാക്കളുടെ ചെവിയില്‍ ഉറപ്പിക്കാവുന്ന പോളിയൂറിത്തേന്‍ ചെവിക്കമ്മലുകളും നമ്പറടിക്കാനായുള്ള ആപ്ലിക്കേറ്ററും വിപണിയില്‍ ലഭ്യമാണ്.

നാളെയുടെ കാമധേനുക്കൾ

പശുവിന് നല്‍കുന്ന ഗര്‍ഭകാല തീറ്റയും ഗര്‍ഭസ്ഥകിടാവിന്റെ ശരീര വളര്‍ച്ചയും തമ്മില്‍ പ്രത്യേകിച്ച് ബന്ധങ്ങളൊന്നുമില്ലങ്കിലും ഗര്‍ഭസ്ഥ കിടാവിനാവശ്യമായ പോഷകങ്ങള്‍ പശുവിന്റെ ശരീരത്തില്‍ നിന്നാണ് ലഭിക്കുന്നത്. ആകെ ഗര്‍ഭകാലത്തിന്റെ അവസാനത്തെ മൂന്ന് മാസങ്ങളിലാണ് ഗര്‍ഭസ്ഥകിടാക്കളുടെ വളര്‍ച്ചയും വികാസവും ഏറ്റവും കൂടുതല്‍ നടക്കുന്നത്. അതിനാവശ്യമായ കൂടുതല്‍ പോഷകങ്ങളും ഈ ഘട്ടത്തില്‍ വേണ്ടി വരും. മാത്രമല്ല ഗര്‍ഭം നിലനിര്‍ത്താന്‍ പശുവിനും ഉയര്‍ന്ന പോഷകാവശ്യകതയുണ്ട്. അതിനാല്‍ പ്രസവം പ്രതീക്ഷിക്കുന്നതിന്റെ അവസാനത്തെ മൂന്ന് മാസങ്ങളില്‍ ഗര്‍ഭിണി പശുക്കള്‍ക്ക് സമീകൃതാഹാരവും ശരീരതൂക്കത്തിന്റെ പത്ത് ശതമാനം അളവില്‍ തീറ്റപ്പുല്ലും ( ഉദാഹരണത്തിന് 300 കിലോഗ്രാം ശരീര തൂക്കം കണക്കാക്കുന്ന പശുവിന് 25-30 കിലോഗ്രാം തീറ്റപ്പുല്ല് ) ഉറപ്പുവരുത്തേണ്ടതുണ്ട്. ശരീരസംരക്ഷണത്തിനായി നല്‍കുന്ന തീറ്റയ്ക്ക് പുറമെ പത്ത് ലിറ്റര്‍ വരെ പാല്‍ ലഭിക്കുന്ന പശുക്കള്‍ക്ക് ഗര്‍ഭകാലത്തിന്റെ ഏഴാം മാസം മുതല്‍ ഒരു കിലോയും അതിന് മുകളില്‍ ഉത്പാദനമുള്ളവയ്ക്ക് ഒന്നരക്കിലോയും സാന്ദ്രീകൃത തീറ്റ പ്രതിദിനം അധികമായി നല്കണം. ഗര്‍ഭകാലറേഷനായി നല്‍കുന്ന ഈ അധിക തീറ്റയില്‍ പകുതി ഊര്‍ജസമ്യദ്ധമായ തീറ്റയും ( കപ്പപ്പൊടി, ചോളപ്പൊടി, പുളിങ്കുരുപ്പൊടി, ബിയര്‍ വേസ്റ്റ് തുടങ്ങിയവ ) ബാക്കി ഭാഗം പിണ്ണാക്ക് അടക്കമുള്ള മാംസ്യസമ്യദ്ധമായ തീറ്റയും ഉള്‍പ്പെടുത്തണം.
എന്നാല്‍ ഈ പരിധിയിലുമധികം സാന്ദ്രികൃത തീറ്റകള്‍ നല്‍കി പശുക്കളെ അമിതമായി തടിപ്പിക്കുന്നത് തീര്‍ച്ചയായും ഒഴിവാക്കണം. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടി അമിതമായി തടിച്ചാല്‍ പ്രസവാനന്തരം കീറ്റോസിസ് പോലുള്ള ഉപാപചയ രോഗങ്ങള്‍ക്കുള്ള സാധ്യത കൂടും. തൊഴുത്തില്‍ നിന്ന് പുറത്തിറക്കി നടത്തി മതിയായ വ്യായാമവും ഗര്‍ഭിണി പശുക്കള്‍ക്ക് നല്‍കണം. ഒപ്പം പ്രസവം പ്രതീക്ഷിക്കുന്നതിന് തൊട്ടുമുന്‍പുള്ള രണ്ട് മാസങ്ങളില്‍ കറവയിലുള്ള ഗര്‍ഭിണി പശുക്കളുടെ കറവ നിര്‍ത്തി വറ്റുകാലം നിര്‍ബന്ധമായും നല്‍കണം. ആരോഗ്യമുള്ള പശുക്കളില്‍ നിന്നു മാത്രമേ ആരോഗ്യമുള്ള കിടാക്കള്‍ ജനിക്കുകയുള്ളൂ എന്നത് കര്‍ഷകര്‍ തിരിച്ചറിയണം. കതിരില്‍ വളം വെച്ചതു കൊണ്ട് കാര്യമൊന്നുമില്ലന്ന് ചുരുക്കം.

നാളെയുടെ കാമധേനുക്കൾ

ഇന്നത്തെ പശുക്കിടാവ് തിരിമുറിയാതെ നറും പാല്‍ ചുരത്തേണ്ട നാളെയുടെ കാമധേനുവാണ്. ക്ഷീരസംരംഭം സുസ്ഥിര വളര്‍ച്ച കൈവരിക്കുന്നതിലും സാമ്പത്തികമായി വിജയിക്കുന്നതിലും ഫാമില്‍ ജനിക്കുന്ന കിടാക്കളുടെ പരിപാലനത്തിന് വലിയ പ്രാധാന്യമുണ്ട്. മാത്രമല്ല പശുക്കളില്‍ വര്‍ഷത്തില്‍ ഒരു പ്രസവം ഉറപ്പാക്കുക എന്നത് ക്ഷിരസംരംഭം വിജയിക്കുന്നതിന് മുഖ്യമാണ്. പശുകിടാക്കളെ മികവുള്ളവയാക്കി മാറ്റാന്‍ ക്ഷീരസംരംഭകര്‍ അറിഞ്ഞിരിക്കേണ്ട പരിപാലനമുറകള്‍ പരിചയപ്പെടാം.
ആരോഗ്യമുള്ള കിടാവ് ആരോഗ്യമുള്ള പശുവില്‍ നിന്ന്
ഗര്‍ഭസ്ഥ കിടാവിന്റെ ശരീരവളര്‍ച്ച കൂടി പ്രസവം വിഷമകരമായി തീരും എന്ന് കരുതി ഗര്‍ഭിണി പശുക്കള്‍ക്ക് മതിയായ അളവില്‍ തീറ്റ നല്‍കാന്‍ പ്രത്യേകിച്ച് സാന്ദ്രീകൃതാഹാരം നല്‍കാന്‍ പല ക്ഷീരകര്‍ഷകരും മടിക്കാറുണ്ട്. എന്നാല്‍ ഗര്‍ഭസ്ഥ കിടാവിന്റെ ശരീരവളര്‍ച്ച എന്നത് പ്രധാനമായും അണ്ഡത്തിന്റെയും കുത്തിവച്ച ബീജത്തിന്റെയും ജനിതകസ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. താരതമ്യേന ശരീരവളര്‍ച്ചയും ശരീരതൂക്കവും കുറഞ്ഞ പശുക്കളില്‍ അത്യുത്പാദനശേഷിയും കൂടിയ ശരീരവളര്‍ച്ചയുമുള്ള ഇനത്തില്‍പ്പെട്ട വിത്തുകാളയുടെ ബീജം ഉപയോഗിച്ച് ബീജസങ്കലനം നടത്തിയാല്‍ സ്വാഭാവികമായും കുഞ്ഞിന്റെ വലിപ്പം കൂടാനും പ്രസവ തടസ്സമുണ്ടാവാനുള്ള സാധ്യത കൂടും.

ആരോഗ്യജീവിതത്തിന് കന്നിപ്പാല്‍
ജനിച്ച് ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ശരീരതൂക്കത്തിന്റെ 10 % എന്ന അളവില്‍ കന്നിപ്പാല്‍ (ഇീഹൗേെൃൗാ) കിടാവിന് ഉറപ്പാക്കാന്‍ ശ്രമിക്കണം. കിടാവിന്റെ ആരോഗ്യത്തിന് അനിവാര്യമായ ഇമ്മ്യൂണോഗ്ലോബുലിനുകളുടെയും മറ്റ് പോഷകങ്ങളുടെയും കലവറയാണ് കന്നിപ്പാല്‍. കിടാവിന്റെ ആരോഗ്യ ജീവിതത്തിനായുള്ള പാസ്‌പോര്‍ട്ട് എന്നാണ് കന്നിപ്പാല്‍ അറിയപ്പെടുന്നത്. ഉദാഹരണത്തിന് മുപ്പത് കിലോ ശരീരതൂക്കവുമായി ജനിക്കുന്ന കിടാവിന് ഏറ്റവും ചുരുങ്ങിയത് മൂന്ന് ലിറ്റര്‍ കന്നിപ്പാല്‍ ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ നല്‍കണം . ഈ അളവ് കന്നിപ്പാലിന്റെ ആദ്യഘടു (ശരീര തൂക്കത്തിന്റെ 5 % ) പ്രസവിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ ഉറപ്പാക്കണം. അമ്മപശുവില്‍ നിന്ന് കന്നിപ്പാല്‍ കുടിക്കാന്‍ കിടാക്കളെ പരമാവധി പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. അല്ലെങ്കില്‍ ആവശ്യമായ കന്നിപ്പാല്‍ കറന്നെടുത്ത് ഒരു മില്‍ക്ക് ഫീഡിംഗ് ബോട്ടിലില്‍ നിറച്ച് കിടാക്കള്‍ക്ക് നല്‍കാം. കിടാവ് കന്നിപ്പാല്‍ നുണയുന്നതിന് മുന്‍പായി പശുവിന്റെ അകിടുകള്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ഓരോ കാമ്പിലും കെട്ടിനില്‍ക്കുന്ന പാലില്‍ നിന്ന് അല്‍പം കറന്ന് ഒഴിവാക്കുകയും ചെയ്യണം. തുടര്‍ന്നുള്ള 4 – 5 ദിവസങ്ങളിലും ശരീരഭാരത്തിന്റെ 10 % എന്ന നിരക്കില്‍ പാല്‍ കിടാക്കള്‍ക്ക് വിവിധ തവണകളായി നല്‍കണം.
കിടാക്കളെ മൂന്ന് മാസം വരെ പശുക്കള്‍ക്ക് ഒപ്പം തന്നെ വളര്‍ത്തുന്നതാണ് കര്‍ഷകര്‍ പൊതുവെ സ്വീകരിക്കുന്ന രീതി. എന്നാല്‍ കൂടുതല്‍ പശുക്കളെ വളര്‍ത്തുന്ന ഫാമുകളില്‍ കിടാക്കളെ പ്രത്യേകം മാറ്റി വളര്‍ത്തുന്നതാണ് ഉത്തമം. ഇത് ശാസ്ത്രീയമായി അറിയപ്പെടുന്നത് വീനിംങ് എന്നാണ്. എപ്പോള്‍ വേണമെങ്കിലും കിടാക്കളെ അമ്മ പശുക്കളില്‍ നിന്ന് മാറ്റി വളര്‍ത്താമെങ്കിലും പിറന്ന് വീണ ഉടന്‍ തന്നെ കിടാക്കളെ അമ്മ പശുവില്‍ നിന്ന് മാറ്റുന്ന വീനിംങ് രീതിയാണ് അഭികാമ്യം. ശരിയായ അളവില്‍ കിടാവിന് പാല്‍ നല്‍കാനും , പശുവിന്റെ പാലുത്പ്പാദനം കൃത്യമായി മനസ്സിലാക്കാനും ഇത് സഹായിക്കും. വീനിംങ് രീതിയില്‍ ഒരു മില്‍ക്ക് ബക്കറ്റിലോ ബോട്ടിലിലോ ആവശ്യമായ അളവ് പാല്‍ നിറച്ച് കിടക്കള്‍ക്ക് നല്‍കാം . എന്നാല്‍ ചില പശുക്കള്‍ കിടാവിന്റെ അസാന്നിധ്യത്തില്‍ പാല്‍ ചുരത്താന്‍ മടി കാണിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ വിനിംങ് രീതി അത്രത്തോളം ഫലപ്രദം ആവണമെന്നില്ല. കിടാവിന് തീറ്റയൊരുക്കുമ്പോള്‍
മൂന്ന് മാസം വരെ പാല്‍ തന്നെയാണ് കിടാക്കളുടെ പ്രധാന ആഹാരം. വീനിംങ് രീതിയില്‍ കിടാവിന് പാല്‍ പ്രത്യേകം കറന്നുകൊടുത്ത് വളര്‍ത്തുകയാണെങ്കില്‍ ആദ്യ ഒരു മാസം കിടാവിന്റെ തൂക്കത്തിന്റെ 1/10 എന്ന അളവില്‍ പാല്‍ ദിവസവും നല്‍കണം. ഒറ്റയടിക്ക് നല്‍കാതെ രണ്ടോ മൂന്നോ തവണകളായി വേണം പാല്‍ നല്‍കേണ്ടത് . അതായത്, ഏകദേശം 40 കിലോഗ്രാം തൂക്കമുള്ള ഒരു കിടാവിന് 4 കിലോഗ്രാം പാല്‍ ദിവസവും തവണകളായി നല്‍കണം. ശരീരതൂക്കത്തിന്റെ 1/15 എന്ന അളവില്‍ പാല്‍ കിടാവിന് രണ്ട് മാസം പ്രായമെത്തുമ്പോഴും 1/20 എന്ന അളവില്‍ പാല്‍ മൂന്നാം മാസം പ്രായമെത്തുമ്പോഴും നല്‍കണം. ഒരു ദിവസം നല്‍കേണ്ട ആകെ പാല്‍ രണ്ട് തവണകളായി കൊടുത്ത് വളര്‍ത്തുന്ന കിടാക്കളെക്കാള്‍ വളര്‍ച്ചയുള്ളവയായിരിക്കും അതേ അളവ് പാല്‍ മൂന്ന് തവണകളായി കൊടുത്ത് വളര്‍ത്തുന്ന കിടാക്കള്‍. കറന്നെടുത്ത പാല്‍ കിടാക്കള്‍ക്ക് കൃത്യമായ അളവില്‍ നല്‍കുന്നതിനായി കാഫ് ഫീഡിംഗ് ബക്കറ്റുകളോ ബോട്ടിലുകളോ ഉപയോഗിക്കാം. തണുത്ത പാലാണെങ്കില്‍ ഇളം ചൂടില്‍ വേണം കിടാക്കള്‍ക്ക് നല്‍കേണ്ടത്.
പാലിന്റെ അളവ് ക്രമേണ കുറയ്ക്കുന്നതിനൊപ്പം സാന്ദ്രീകൃതാഹാരത്തിന്റെയും പുല്ലിന്റെയും അളവ് കൂട്ടി നല്‍കണം. നാരിന്റെ അളവ് കുറഞ്ഞതും മാംസൃത്തിന്റെ അളവുയര്‍ന്നതുമായ സാന്ദീകൃതാഹാരമായ കാഫ് സ്റ്റാര്‍ട്ടര്‍ തീറ്റയും, ചെറുതായി അരിഞ്ഞ തീറ്റപുല്ലും കുറഞ്ഞ അളവില്‍ രണ്ടാഴ്ച പ്രായമായത് മുതല്‍ കിടാക്കള്‍ക്ക് നല്‍കണം. കോംഗോ സിഗ്നല്‍, ഗിനി പുല്ല് തുടങ്ങിയ മൃദുവായ തീറ്റപ്പുല്ലുകളാണ് കിടാക്കള്‍ക്ക് ഏറ്റവും അനിയോജ്യം .നാലാം ആഴ്ച മുതല്‍ 50-100 ഗ്രാം അളവില്‍ കാഫ് സ്റ്റാര്‍ട്ടര്‍ നല്‍കാം. ഓരോ രണ്ടാഴ്ച കൂടും തോറും സാന്ദ്രീകൃതാഹാരത്തിന്റെ അളവ് നൂറ് മുതല്‍ നൂറ്റിയന്‍പത് ഗ്രാം വരെ വര്‍ധിപ്പിച്ച് ആറാം മാസത്തോട് കൂടി ഒന്നരക്കിലോഗ്രാം വരെ കാഫ് സ്റ്റാര്‍ട്ടര്‍ നല്‍കാം. തീറ്റപ്പുല്ല് നല്‍കുന്നത് ഘട്ടംഘട്ടമായി വര്‍ധിപ്പിച്ച് ആറ് മാസമെത്തുമ്പോള്‍ 5 – 6 കിലോഗ്രാം വരെ നല്‍കാം. കറവപശുക്കളുടെ തീറ്റ കിടാക്കള്‍ക്ക് നല്‍കരുത്.
കിടാവിന് വേണം ധാതുജീവകങ്ങള്‍
മുതിര്‍ന്ന പശുക്കളെ പോലെ തീറ്റപുല്ലും മറ്റ് പരുഷാഹാരങ്ങളും പൂര്‍ണമായി തിന്ന് തുടങ്ങിയിട്ടില്ലാത്തതിനാല്‍ ധാതുലവണങ്ങള്‍, വിറ്റാമിന്‍ എ, ഡി, ഇ തുടങ്ങിയ ജീവകങ്ങള്‍ എന്നിവയുടെ അപര്യാപ്തയ്ക്ക് കിടാക്കളില്‍ ഉയര്‍ന്ന സാധ്യതയുണ്ട്. ധാതുജീവകങ്ങളുടെ അപര്യാപ്ത പലരീതിയിലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ക്കും ശരീരതളര്‍ച്ചക്കും വളര്‍ച്ചാ മുരടിപ്പിനും കിടാക്കളില്‍ കാരണമാവാറുണ്ട്. ഇതൊഴിവാക്കാന്‍ പ്രസവിച്ച് ഒരാഴ്ച പ്രായമായത് മുതല്‍ വിറ്റാമിന്‍ എ, ഡി, ഇ , ബയോട്ടിന്‍ തുടങ്ങിയ ജീവകങ്ങളും സെലീനീയം, സിങ്ക്, കോപ്പര്‍, ഫോസ്ഫറസ് തുടങ്ങിയ ധാതുലവണങ്ങളും അടങ്ങിയ മിശ്രിതങ്ങള്‍ കിടാക്കള്‍ക്ക് നല്‍കണം. അമിനോവെറ്റ്, ഇന്റാവിറ്റ എന്‍.എച്ച്, ലാവിറ്റോണ്‍ എച്ച്. , വിമറാല്‍, ഫില്‍ -ഒ -വിറ്റ്, സിങ്കോവിറ്റ് , ന്യൂട്രിസെല്‍, ഷാര്‍ക്കോഫെറോള്‍ വെറ്റ് തുടങ്ങിയ ബ്രാന്‍ഡ് നാമങ്ങളില്‍ ഇത്തരം മിശ്രിതങ്ങള്‍ വിപണിയിലുണ്ട്. ഇതല്ലങ്കില്‍ മീനെണ്ണയും ( ഒരു ഔണ്‍സ് വീതം ഇടവിട്ട ദിവസങ്ങളില്‍) കിടാക്കള്‍ക്ക് നല്‍കാവുന്ന മികച്ച ഒരു പോഷക മിശ്രിതമാണ്.
കിടാക്കള്‍ക്ക് വിരമരുന്ന് നല്‍കേണ്ടതെപ്പോള്‍
പത്ത് ദിവസം പ്രായമെത്തുമ്പോള്‍ ടോക്‌സോകാര എന്നയിനം ഉരുളന്‍ വിരകളെ തടയാനുള്ള മരുന്ന് കിടാക്കള്‍ക്ക് നല്‍കണം. ഈ വിരകള്‍ക്കെതിരെ ഏറ്റവും ഫലപ്രദമായ പെറാന്റല്‍ പാമോയേറ്റ് , പെപ്പറസീന്‍, ഫെബാന്റല്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയ മരുന്നുകളാണ് (ഉദാഹരണം- ടീവേം, പെപ്പറസീന്‍ ഹെക്‌സാ ഹൈഡ്രേറ്റ്, നിമോസിഡ് ) കിടാക്കള്‍ക്ക് പത്താം ദിവസം നല്‍കേണ്ടത്. തുടര്‍ന്ന് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വിരമരുന്ന് നല്‍കണം. ഗര്‍ഭിണിപശുക്കള്‍ക്ക് അവയുടെ ഗര്‍ഭത്തിന്റെ എട്ടാം മാസത്തില്‍ ഫെന്‍ബന്‍ഡസോള്‍, ആല്‍ബന്‍ഡസോള്‍ തുടങ്ങിയ എല്ലാതരം വിരകളെയും തടയുന്ന മരുന്നുകള്‍ നല്‍കിയും, പ്രസവം കഴിഞ്ഞ് അഞ്ചാം ദിവസം വീണ്ടും പ്രസ്തുത മരുന്നുകള്‍ നല്‍കിയും ടോക്‌സോകാര എന്ന ഉരുളന്‍ വിരകള്‍ അമ്മപശുവില്‍ നിന്ന് കിടാക്കളിലേക്ക് പകരുന്നത് തടയാം. കിടാക്കളിലെ വളര്‍ച്ചയും, വയറുന്തലും, രോമ കൊഴിച്ചിലും മണ്ണു തീറ്റയും, വയറിളക്കവും, പല്ലരയ്ക്കലും വിരബാധയുടെ ലക്ഷണമാവാം. വിരബാധ തടയുന്നതിനായി മൂന്ന് മാസം പ്രായം എത്തുന്നത് വരെ എല്ലാ മാസവും വിരമരുന്ന് മുടക്കമില്ലാതെ നല്‍കണം.
കിടാക്കളെ ബാധിയ്ക്കുന്ന രോഗങ്ങളില്‍ പ്രധാനമാണ് രക്താതിസാരം അഥവാ കോക്‌സീഡിയ രോഗം. പ്രോട്ടോസോവ വിഭാഗത്തില്‍ പെട്ട കോക്‌സീഡിയ എന്ന അണുക്കളാണ് രോഗകാരണം. രോഗാണു മലിനമായ തീറ്റയിലൂടെയും വെള്ളത്തിലൂടെയുമാണ് കിടാക്കള്‍ക്ക് അണുബാധയേല്‍ക്കുന്നത്. രക്തം കലര്‍ന്ന വയറിളക്കം, കുടലിലെ സ്തരങ്ങള്‍ ഇളകി ചാണകത്തിനൊപ്പം പുറത്തുവരല്‍, കിടാക്കള്‍ക്ക് ശരീരതളര്‍ച്ച തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ബബീസിയ രോഗം, അനാപ്ലാസ്മ രോഗം തുടങ്ങിയ രക്തപരാദരോഗങ്ങള്‍ ഇന്ന് പശുക്കിടാക്കളിലും വ്യാപകമായി കണ്ടുവരുന്നുണ്ട്. രക്തക്കുറവ്/ അനീമിയ, ശരീര തളര്‍ച്ച, ഉന്മേഷമില്ലായ്മ, ശരീരം തളര്‍ന്ന് കുഴഞ്ഞ് വീഴല്‍ എന്നിവയെല്ലാമാണ് ഇത്തരം രക്താണു രോഗങ്ങളുടെ ലക്ഷണങ്ങള്‍. കിടാക്കളില്‍ ഈ രോഗലക്ഷണങ്ങള്‍ ഏതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അത് അവഗണിക്കാതെ ഉടന്‍ വിദഗ്ധ ചികിത്സ തേടാന്‍ കര്‍ഷകര്‍ ശ്രദ്ധ പുലര്‍ത്തണം.
മികച്ച കിടാക്കള്‍ ഭാവിയിലെ സമ്പത്ത്
ഫാമില്‍ ഉണ്ടാവുന്ന പശുകിടാക്കളില്‍ നിന്നും ഏറ്റവും മികച്ചവയെ തിരഞ്ഞെടുത്ത് ശാസ്ത്രീയ പരിപാലനം നല്‍കി വളര്‍ത്തിയാല്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ അവയെ തിരിമുറിയാതെ നറുംപാല്‍ ചുരത്തുന്ന കാമധേനുക്കളാക്കി മാറ്റാം. വലിയ വില നല്‍കി പുതിയ പശുക്കളെ വാങ്ങി ഫാമിലെത്തിക്കുന്നതിനേക്കാള്‍ എപ്പോഴും ആദായകരം ഫാമില്‍ ജനിച്ചുണ്ടാവുന്ന കിടാക്കളില്‍ നിന്നും മികച്ചവയെ കണ്ടെത്തി നല്ല പരിചരണം നല്‍കി പശുക്കളാക്കി മാറ്റുന്നതായിരിക്കും. മൂന്നാം മാസം പ്രായമെത്തുമ്പോള്‍ നല്ല കിടാക്കളെ പ്രത്യേകം തിരഞ്ഞെടുത്ത് വളര്‍ത്തണം.
കിടാവിന്റെ വളര്‍ച്ചയുടെയും ശരീരതൂക്കത്തിന്റെയും അമ്മപ്പശുവിന്റെ പാലുല്‍പാദനശേഷിയുടെയും അടിസ്ഥാനത്തിലാണ് നല്ല കിടാക്കളുടെ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. നല്ല വളര്‍ച്ചാ ശേഷിയുള്ള കിടാക്കളുടെ ശരീരതൂക്കം മൂന്ന് മാസത്തിനുള്ളില്‍ ജനിക്കുമ്പോഴുള്ള ശരീരതൂക്കത്തിന്റെ ഇരട്ടിയാവും. ആറു മാസം പ്രായമെത്തുമ്പോള്‍ വീണ്ടും ഇരട്ടിക്കും. ഈ ഘടകങ്ങള്‍ പരിഗണിച്ച് കിടാക്കളെ തിരഞ്ഞെടുത്ത് സമീകൃതാഹാരം നല്‍കി വളര്‍ത്തിയാല്‍ 14-16 മാസത്തിനുള്ളില്‍ കിടാരികള്‍ പ്രായപൂര്‍ത്തിയും പ്രത്യുല്‍പ്പാദനശേഷിയും കൈവരിയ്ക്കും. നല്ല മദിക്കോളില്‍ കൃത്രിമ ബീജാധാനം നടത്തിയാല്‍ രണ്ടര വയസ് പ്രായമെത്തുമ്പോള്‍ ആദ്യ പ്രസവം നടക്കും. മാത്രമല്ല മികച്ച കിടാരികള്‍ക്ക് വിപണിയില്‍ നല്ല മൂല്യവും അവയെ വളര്‍ത്താനായി നല്ല വില നല്‍കി വാങ്ങാന്‍ ആവശ്യക്കാരുമുണ്ട്. അതുകൊണ്ട് ഫാമിലെ ഇത്തരം കിടാരി യൂണിറ്റുകള്‍ കര്‍ഷകന് ആദായം നേടി നല്‍കും.
വരുമാനം കൊണ്ടുവരും കാളക്കിടാക്കള്‍
ഒരു ക്ഷീരസംരംഭത്തില്‍ ഒരു വര്‍ഷം ജനിക്കുന്ന കിടാക്കളില്‍ പകുതിയും സാധാരണ ഗതിയില്‍ കാളക്കിടാങ്ങളായിരിക്കും . ഫാമിലുണ്ടാവുന്ന കാളകുട്ടികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കാതെ അവഗണിക്കുന്നതാണ് പലരുടെയും രീതി. മറ്റു ചില കര്‍ഷകരാവട്ടെ ചെറിയ പ്രായത്തില്‍ തന്നെ കാളക്കുട്ടികളെ വിറ്റൊഴിവാക്കും.എന്നാല്‍ നമ്മള്‍ അവഗണിക്കുന്ന ഈ കാളക്കിടാങ്ങള്‍ ആദായസ്രോതസ്സാണെന്ന് ക്ഷീരസംരംഭകര്‍ തിരിച്ചറിയണം . സമീകൃതാഹാരവും വിരമരുന്നുകളും നല്‍കി വളര്‍ത്തിയാല്‍ രണ്ടര വയസ്സ് പ്രായമെത്തുമ്പോള്‍ സങ്കരയിനത്തില്‍ പെട്ട കാളകുട്ടികള്‍ ശരാശരി 250- 300 കിലോ ശരീരതൂക്കം കൈവരിയ്ക്കും. ഇവയെ മാംസവിപണിയിലെത്തിച്ച് സംരഭകന് അധിക വരുമാനം നേടാം.
കാളക്കിടാങ്ങളുടെ തീറ്റയില്‍ യൂറിയ സംപുഷ്ടീകരിച്ച വൈക്കോല്‍, മറ്റ് പാരമ്പര്യേതര തീറ്റകള്‍ അടക്കമുള്ള ചിലവ് കുറഞ്ഞ രീതിയിലുള്ള തീറ്റ വസ്തുക്കള്‍ കൂടുതലായി ഉള്‍പ്പെടുത്തി ചിലവ് കുറയ്ക്കാം. സംസ്ഥാനത്തിന്റെ വര്‍ധിച്ച മാംസാവശ്യകതയും കുറഞ്ഞ മാംസ ലഭ്യതയുമായി ബന്ധപ്പെടുത്തി പരിശോധിക്കുമ്പോള്‍ ഫാമിനോട് അനുബന്ധമായി നടത്തുന്ന ഇത്തരം കാളക്കുട്ടി പരിപാലന യൂണിറ്റുകള്‍ക്ക് വലിയ വിപണിയും വരുമാന സാധ്യതകളും ഉണ്ട്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല  . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

bottom of page