top of page

പശുപരിപാലനം

പശുപരിപാലനം
പശുപരിപാലനം

നല്ല ഉണങ്ങിയതും (ഈര്‍പ്പം കെട്ടിനില്‍ക്കാത്തതുമായ), ഭൂനിരപ്പില്‍ നിന്നും ഉയര്‍ത്തിക്കെട്ടിയതുമായ സ്തലത്ത് വേണം തൊഴുത്ത് നിര്‍മ്മിക്കുവാന്‍. വെള്ളം കെട്ടിനില്‍ക്കത്തക്ക രീതിയില്‍ നിര്‍മ്മാണം പാടില്ല. ഒരു ചെറിയ ചെരിവ് നിര്‍മ്മാണത്തില്‍ അനുവര്‍ത്തിക്കുന്നതും, വെള്ളം സുഗമമായി തൊഴുത്തില്‍ നിന്നൊഴുകി പോകുന്നതിനായി നല്ലൊരു ഓവുചാലും തയ്യാറാക്കേണ്ടതാണ്. തൊഴുത്തിന്‍റെ ഭിത്തിക്ക് ഒന്നര മുതല്‍ രണ്ട് മീറ്റര്‍ വരെ ഉയരമുണ്ടാകണം. നല്ല ഉറച്ചതും, തെന്നാത്തതുമായ തറയാവണം ഇടേണ്ടത്. ഗ്രിപ്പിനായി പിന്നീട് റബ്ബര്‍മാറ്റും ഉപയോഗിക്കാവുന്നതാണ്. മേല്‍ക്കൂര പമിയുമ്പോള്‍ മൂന്നു മുതല്‍ നാലു മീറ്റര്‍ വരെ ഉയരത്തില്‍ കെട്ടിയതാവമം. എത്രത്തോളം വായുസഞ്ചാരം തൊഴുത്തിനുള്ളില്‍ ലഭിക്കുന്നുവോ അത്രയും കന്നുകാലികള്‍ക്കു നല്ലതാണ്. അതിനാല്‍ വായുസഞ്ചാരം ഉറപ്പാക്കുന്ന രീതിയിലാവണം മൊത്തത്തിലുള്ള തൊഴുത്തിന്‍റെ നിര്‍മ്മാണം.
ഒരു മീറ്ററിന് മൂന്നു സെന്‍റീമീറ്റര്‍ എന്ന അളവില്‍ തറകള്‍ക്ക് ചെരിവ് അനുവര്‍ത്തിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ഒരു പശുവിന് 2ഃ1.05 മീറ്റര്‍ എന്ന കണക്കില്‍ സ്ഥലം ലഭ്യമാകത്തക്ക രീതിയില്‍ വേണം തൊഴുത്ത് നിര്‍മ്മാണം. പശുക്കളുടെ പിന്‍കാലുകള്‍ നില്‍ക്കുന്ന സ്ഥലത്തിനു പിറകിലായി ഓവുചാല്‍ നിര്‍മ്മിക്കുകയും, മൂലകള്‍ ഷാര്‍പ്പാകാതെ മിനുസപ്പെടുത്തിയിടുകയും വഴി, തൊഴുത്തിനുള്ളിലെ ശുചിത്വം നിലനിര്‍ത്താം. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ കൊണ്ടും, ബോഗന്‍വില്ല പോലെ പടര്‍ന്നു കയറുന്ന ചെടികള്‍ വളര്‍ത്തിയും ആവശ്യത്തിനുള്ള തണലുറപ്പാക്കേണ്ടതുണ്ട്. കൂടാതെ വേനല്‍ ക്കാലത്ത് ആവശ്യത്തിനുള്ള ശുദ്ധജലം ഏതു സമയത്തും ഫാമില്‍ ഉറപ്പാക്കേണ്ടതാണ്.

പശുപരിപാലനം

പശുക്കള്‍ക്കാവശ്യമായ തൊഴുത്തിനു സമീപമായി യഥേഷ്ടം വിഹരിച്ചു നടന്നു പുല്ലുമേയാനുള്ള സ്ഥലമുണ്ടെങ്കില്‍ വളരെ നല്ലതാണ്. പുല്‍കൃഷിക്ക് അനുയോജ്യമായ സ്ഥലം അടുത്ത് തന്നെ കണ്ടെത്തുകയും അവിടെ ഗുണമേന്മയുള്ള പുല്ലിനങ്ങള്‍ വെച്ചുപിടിപ്പിക്കുകയും വേണം. കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത വിവിധയിനം പുല്ലുകളിന്നു ലഭ്യമാണ്. നാല്‍പ്പത്തിയഞ്ച് ദിവസം പ്രായമായ പുല്ല് കാലികള്‍ക്ക് തീറ്റയ്ക്കായി വെട്ടിയെടുക്കാവുന്നതാണ്. കിളികുലം, സി.ഒ.ത്രി ഇനങ്ങളില്‍ പെട്ട പുല്ലിനങ്ങള്‍ വളരെ പെട്ടെന്ന് വളര്‍ച്ചയെത്തുന്നു.
നാടന്‍ പശുക്കള്‍ പലയിനങ്ങള്‍ ഉണ്ട്. പശുക്കളെ തിരഞ്ഞെടുക്കാന്‍ ഒരു വിദഗ്ധനു മാത്രമേ കഴിയൂ. പശുക്കളെ തിരഞ്ഞെടുക്കുന്നതിനായി ഒരു മൃഗഡോക്ടറുടെ സഹായം തേടാവുന്നതാണ്. കൂടാതെ ഈ മേഖലയില്‍ കഴിവു തെളിയിച്ചിട്ടുള്ള ക്ഷീരകര്‍ഷകരുടെ അഭിപ്രായങ്ങളും തേടാവുന്നതാണ്. വിദേശയിനം പശുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. നമ്മുടെ ഫാമിനടുത്ത് തന്നെ ഒരു മൃഗാശുപത്രിയുണ്ടെങ്കില്‍ വളരെ നന്നായിരിക്കും. ഒരു നല്ല ഡോക്ടറുടെ സേവനം കന്നുകാലികള്‍ക്ക് വളരെ അത്യാവശ്യമാണ്.

പശുപരിപാലനം

പാലുല്‍പ്പാദനത്തില്‍ ഭാരതമിന്ന് ലോകത്തിലേറ്റവും മുന്‍പന്തിയിലെത്തിക്കഴിഞ്ഞിരിക്കുന്നു. ഭാരതസംസ്ക്കാരത്തിലടിയുറച്ചുനിന്ന ചെറുകിട കര്‍ഷകരുടെ ആത്മാര്‍ത്ഥമായ പരിശ്രമം ആണ് നമുക്കീ നേട്ടം സ്വന്തമാക്കാന്‍ സഹായകമായത്. പുതുതായി ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് വിശദമാക്കാം.
പലര്‍ക്കും ഈ രംഗത്തേക്ക് കടന്നുവരണമെന്നാഗ്രഹമുണ്ടെങ്കിലും പരിചയക്കുറവും, ആശങ്കയും മൂലം മടിച്ചുനില്‍ക്കാറുണ്ട്. ഈ രംഗത്തേക്ക് കടന്നുവരുന്നതിന് മുമ്പ് പശു പരിപാലനത്തെക്കുറിച്ചും, പാല്‍വിതരണത്തെക്കുറിച്ചും നല്ല അവഗാഹമുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പരമ്പരാഗതമായി പശുവളര്‍ത്തലില്‍ ഏര്‍പ്പെട്ടു പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് നല്ല അറിവുണ്ടാകും. അവരുമായി ബന്ധപ്പെട്ട് നടത്തുന്ന ചര്‍ച്ചകളിലൂടെ വളരെ നല്ല അറിവുകള്‍ സ്വായത്തമാക്കാന്‍ സാധിക്കുകയും, ക്ഷീരവികസനസമിതിയും, ഗവണ്‍മെന്‍റും കാലാകാലം നടത്തിവരുന്ന ക്ലാസുകളില്‍ പങ്കെടുക്കുക വഴിയും പുത്തനറിവുകളും നൂതന മാര്‍ഗ്ഗങ്ങളും അതാത് കാലത്ത് തന്നെ നമ്മുടെ തൊഴുത്തിലെത്തിക്കുവാന്‍ സാധിക്കും.

വൃത്തിയുടെ കാര്യത്തിലൊരു വിട്ടുവീഴ്ചയും കാലിവളര്‍ത്തലില്‍ പാടില്ല. പുറത്തുനിന്നൊരാള്‍ തൊഴുത്തില്‍ കയറുമ്പോള്‍ ഡറ്റോള്‍ നേര്‍പ്പിച്ച വെള്ളത്തില്‍ കൈകാലുകള്‍ കഴുകുന്നത് നിര്‍ബന്ധമാക്കണം. ശുചിത്വം നിലനിര്‍ത്താനായി എല്ലാ ദിവസവും തൊഴുത്ത് കഴുകി വൃത്തിയാക്കേണ്ടതുണ്ട്. കാലികള്‍ക്കു കിടക്കാനുള്ള സൗകര്യം തയ്യാറാക്കിക്കൊടുക്കുന്ന കാര്യത്തിലും ശ്രദ്ധചെലുത്തണം. പാല്‍പാത്രങ്ങള്‍, മില്‍ക്ക് മെഷീന്‍ തുടങ്ങി എല്ലാ വസ്തുക്കളും ദിനേന വൃത്തിയാക്കിവെക്കണം.
തൊഴുത്തില്‍നിന്നും ചാലിലൂടെ ഒഴുകിവരുന്ന മൂത്രവും ചാണകവെള്ളവും പ്രധാന പിറ്റില്‍ ശേഖരിക്കുകയും അതൊരു നിശ്ചിത കാലയളവില്‍ എല്ലാ ദിവസവും മറ്റു കൃഷി സ്ഥലങ്ങളിലേക്കോ, പുല്‍കൃഷി ചെയ്യുന്നയിടങ്ങളിലേക്കോ ഒഴുക്കി വിടാവുന്നതാണ്. ഇത്തരത്തില്‍ ഒഴുക്കി വിടുന്നത് മൂലം ഏതെങ്കിലും വിധത്തിലുള്ള കീടങ്ങള്‍ പെരുകുന്നത് ഒഴിവാക്കാം. ഒരു ബയോഗ്യാസ് പ്ലാന്‍റും, കമ്പോസ്റ്റ് പ്ലാന്‍റും അനുബന്ധമായി ഉണ്ടായാല്‍ മാലിന്യപ്രശ്നം ഒരു രീതിയിലും ഫാമിനെ ബാധിക്കുകയില്ല.
ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങളില്‍ ശ്രദ്ധവെക്കുകയും, കുളമ്പുരോഗങ്ങള്‍, അകിടുവീക്കം തുടങ്ങി കന്നുകാലികള്‍ക്കു വരാറുള്ള അസുഖങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കുകയും ചെയ്താല്‍ കാലിവളര്‍ത്തല്‍ വളരെ ആദായകരമാക്കാവുന്നതാണ്. 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല  . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

bottom of page