top of page

വടകര പശു

വടകര പശു
വടകര പശു

വടകര പശു

കേരളത്തിലെ മറ്റ് നാടന്‍ പശുക്കളുമായി താരതമ്യപ്പെടുത്തിയാല്‍ പാലുല്‍പ്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് വടകര പശുക്കള്‍. ദിവസം 3 മുതല്‍ 4 ലിറ്റര്‍ വരെ നല്ല കൊഴുപ്പുള്ള പാല്‍ ലഭിയ്ക്കും. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന കറവക്കാലവും വടകര പശുക്കള്‍ക്കുണ്ട്. പരമാവധി പത്ത് മാസം വരെ കറവ നടത്താം. പ്രസവാനന്തരം മൂന്ന് മാസമെത്തുമ്പോള്‍ വീണ്ടും ഇണ ചേര്‍ക്കാം. വര്‍ഷത്തില്‍ ഒരു പ്രസവം വടകര പശുക്കളില്‍ സാധാരണയാണ്. സാംക്രമികരോഗാണുക്കള്‍ മൂലമുണ്ടാവുന്ന രോഗങ്ങള്‍ പിടിപെടുന്നതും അപൂര്‍വ്വം.

വടകര പശു

വടക്കന്‍ പാട്ടിന്റെ ഈരടികളിലൂടെയും കളരിപ്പയറ്റിന്റെ പെരുമയിലൂടെയും ലോകത്തിന് സുപരിചിതമായ നാടാണ് വടകരയും അതുള്‍പ്പെടുന്ന കടത്തനാടന്‍ ദേശവും. പേരും പെരുമയും ചരിത്രപ്രൗഢിയും ഏറെയുള്ള വടകരയെന്ന ദേശത്തിന് സ്വന്തമെന്ന് പറയാന്‍ ഒരു തനതിനം പശുക്കള്‍ കൂടിയുണ്ട്. അതാണ് വടകര പശുക്കള്‍. തീരസാമീപ്യം ഏറെയുള്ള കടത്തനാടിന്റെ മണ്ണില്‍ ഉരുത്തിരിഞ്ഞതും ഉപജീവിക്കുന്നതുമായ നാടന്‍ പശുക്കളാണ് വടകര പശുക്കള്‍. വടകര പശുവിന്റെ വിശേഷങ്ങള്‍വടകര താലൂക്കിലെ വളയം, ചെക്യാട്, നരിപറ്റ, വാണിമേല്‍, വേളം തുടങ്ങിയ പഞ്ചായത്തുകളിലെ പരമ്പരാഗത കര്‍ഷകരാണ് വടകര പശുക്കളെ പ്രധാനമായും സംരക്ഷിക്കുന്നത്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ പ്രത്യേക ബ്രീഡ് എന്ന പദവി നല്‍കിയ കേരളത്തിലെ ഏക പശുവിനമായ വെച്ചൂര്‍ പശുക്കളുമായി സ്വഭാവത്തിലും ശരീരപ്രത്യേകതകളിലും ഏറെ സമാനതകള്‍ പുലര്‍ത്തുന്നവയാണ് വടകര പശുക്കള്‍. പരമാവധി 100 മുതല്‍ 125 സെന്റീമീറ്റര്‍ വരെയാണ് ഉയരം. കറുപ്പ്, വെളുപ്പ്, തവിട്ട് നിറങ്ങളിലാണ് പ്രധാനമായും പശുക്കള്‍ കാണപ്പെടുന്നത്. ചെറുതും മുന്നോട്ട് ചാഞ്ഞ് നില്‍ക്കുന്നതുമായ മുതുകിലെ പൂഞ്ഞയും വശങ്ങളിലേക്ക് വളര്‍ന്ന് അകത്തേക്ക് വളഞ്ഞ ചെറിയ കൊമ്പുകളും കഴുത്തിലെ നന്നായി ഇറങ്ങി വളര്‍ന്ന താടയും നിലത്തറ്റം മുട്ടുന്ന വാലുകളുമെല്ലാം വടകര പശുവിന്റെ ശരീരപ്രത്യേകതകളാണ്. ചെറിയ മിനുമിനുത്ത രോമങ്ങളും ഉരുണ്ട അഗ്രത്തോടുകൂടിയ ചെറിയ മുലക്കാമ്പുകളും വടകര പശുവിന്റെ ലക്ഷണങ്ങളാണ്.
കാസര്‍കോടന്‍ ഇനത്തേക്കാള്‍ അല്പം ഉയരക്കൂടുതലുള്ളതാണ് വടകര പശു. പാലും കൂടുതല്‍ ലഭിക്കും. ഇത്തരം പശുക്കള്‍ക്ക് പച്ചപ്പുല്ലുംപിണ്ണാക്കുമാണ് പ്രധാന ആഹാരം. കാലിത്തീറ്റ വേണമെന്നില്ല. ചാണകം, മൂത്രം എന്നിവ കൃഷിക്ക് ഏറെ ഗുണകരമാണ്. വടകര പശുക്കളുടെ പ്രത്യേകതയായി കണക്കാക്കുന്നത് ഇതൊക്കെയാണ്.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ krishithottam.com ടേതല്ല  . വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

bottom of page